india

റാന്നി എം എസ് ഹൈകൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ഉജ്ജ്വലമായി

Anil Mattathikunnel  ,  2016-08-11 09:36:07pmm റോബി ജോസഫ് വാണിയടത്ത്

റാന്നി. റാന്നി ക്നാനായ വലിയ പള്ളിയുടെ കീഴിലുള്ള എം എസ് ഹയര്‍ സെക്കന്ററി സ്കൂളിലെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 9 ന് നടത്തപെട്ട പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഉജ്ജ്വലമായി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പത്തുമണിക്ക് നടത്തപെട്ട സംഗമത്തിന്റെ ഉദ്ഘാടനം ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. റാന്നിയുടെ സമഗ്രമായ പുരോഗതിക്കു ഈ നാട്ടിലുണ്ടായ വിദ്യാഭ്യാസ വളര്‍ച്ചക്ക് വിലമതിക്കാനാവാത്ത പങ്കു ഉണ്ട് എന്നും, ജാതി മത ഭേതങ്ങളില്ലാതെ അറിവിന്റെ വെളിച്ചം നാട്ടുകാര്‍ക്ക് പകര്‍ന്നുകൊടുത്ത എം എസ് ഹൈസ്കൂളിന്റെ മാനെജ്മെന്റിനു കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ നന്ദി പറയുന്നതായി ശ്രീ. പ്രൊഫ. രവീന്ദ്രനാഥ് തന്റെ ഉദ്ഘാടന സന്ദേശത്തില്‍ സൂചിപ്പിച്ചു. സ്ക്കൂളിന്റെ കോര്‍പ്പറേറ്റ് മാനേജര്‍ പ്രൊഫ.രാജു കുരുവിള യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മാ സഭയുടെ റാന്നിയിലെ നില്‍ക്കല്‍ ഭദ്രാസനാധിപന്‍ അഭി. ഗീവര്‍ഗ്ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാക്ഷണം നടത്തി.

സ്കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ഥിയും നിയമ സഭയിലെ ഏക ക്നാനായ ശബ്ദവുമായ ശ്രീ രാജു എബ്രഹാം എം എല്‍ എ ചടങ്ങില്‍ മുഖ്യ പ്രഭാക്ഷണം നടത്തി. റാന്നിയുടെ തിലകക്കുറിയായ എം എസ് ഹൈകൂല്‍ നൂറാം വര്‍ഷത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ ഈ അക്ഷര മുത്തശ്ശി റാണിയുടെ അഭിമാനവും അനുഗ്രഹവുമാണ് എന്ന് അദ്ദേഹം തെന്റെ പ്രഭാക്ഷണത്തില്‍ അനുസ്മരിച്ചു. വിദ്യാഭ്യാസം പാവപെട്ടവര്‍ക്ക് മരീചികയായിരുന്നപ്പോള്‍, അറിവിന്റെ വെളിച്ചം, സമാനതകളില്ലാത്തവിധത്തില്‍, മത - സാമുദായിക വേര്‍തിരിവുകളെ അപ്രസ്ക്തമാക്കികൊണ്ട്, പൊതു സമൂഹത്തിന് ഈ ഹൈസ്കൂള്‍ കൊണ്ട് കൊടുക്കുവാന്‍ സാധിച്ചു എന്നത് അഭിമാനത്തോടെ പറയുവാന്‍ കഴിയും എന്ന് അദ്ദേഹം പ്രസ്താവിച്ചു.

പൂര്‍വ്വ വിദ്യാര്‍ഥികളായ ശ്രീ പി എസ് ശശികുമാര്‍ IFS (Rtd Joint Secretary to Govt. of India), പ്രമുഖ ക്യാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ. തോമസ്‌ വര്‍ഗ്ഗീസ്, അഡ്വ. പി പി മുഹമ്മദ്‌ മുസ്തഫ, ടി. എന്‍ ശിവന്‍കുട്ടി ( റാന്നി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്‌), ഫാ. ജോസഫ് എം കുരുവിള (PTA പ്രസിഡണ്ട്‌) എന്നിവര്‍ക്ക് പുറമേ എം എസ് ടി ടി ഐ ഹെഡ് മിസ്ട്ട്രസ് ലിനു ചാക്കോയും എം എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ മനോജ്‌ എം ജെ യും ക്നാനായ അസോസിയേഷന്‍ അംഗവും അധ്യാപകനുമായ നിജു ജേക്കബ് മറ്റക്കാട്ടും ആശംസാ പ്രസംഗങ്ങള്‍ നടത്തി.

സെന്റിനറി ജൂബിലി കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറിയും പൂര്‍വ്വ വിദ്യാര്‍ഥിയുമായ പ്രൊഫ. മേജര്‍ എം, ജി വര്‍ഗ്ഗീസ് സ്വാഗതവും സ്കൂള്‍ ഹെഡ്മിസ്ട്ട്രസ് ശ്രീമതി റ്റീനാ എബ്രഹാം നന്ദിപ്രകാശവും നടത്തി. സമൂഹത്തിന്റെ നാനാതുറകളില്‍നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി പൂര്‍വ്വ വിദ്യാര്‍ഥികള്‍ സംഗമത്തില്‍ പങ്കെടുത്തു.

1916 ല്‍ റാന്നി ക്നാനായ വലിയപള്ളിയുടെ ഭാഗമായി ആരംഭിച്ച സ്കൂള്‍, ക്നാനായ യാക്കോബായ സഭയുടെ മെത്രാനായിരുന്ന യശ്ശശീരനായ H.G. മോര്‍ സേവറിയോസ് ഗീവര്‍ഗ്ഗീസിന്റെ പേരിലാണ് സ്ഥാപിക്കപെട്ടത്‌. 1935 ല്‍ ഹൈസ്കൂളായും 1998 ല്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപെട്ട എം സ് ഹയര്‍ സെക്കന്ററി സ്കൂള്‍, റാന്നിയുടെ വിദ്യാഭ്യാസ സ്വപനങ്ങള്‍ക്ക് ചിറകുകള്‍ നല്‍കികൊണ്ട് നിരവധിപേരുടെ വിദ്യാഭ്യാസ ഉന്നമനത്തിന് കാരണഭൂതയായ വിദ്യാഭ്യാസ സ്ഥാപനമാണ്‌.Latest

Copyrights@2016.