latest

കുടുംബന്ധങ്ങളുടെ ഊഷ്‌മളത നിലനിര്‍ത്തുവാന്‍ സ്‌ത്രീ സമൂഹത്തിന്റെ പങ്ക്‌ വലുത്-മാര്‍ മാത്യു മൂലക്കാട്ട്‌.

Tiju Kannampally  ,  2018-03-09 04:05:55amm

കോട്ടയം: കുടുംബന്ധങ്ങളുടെ ഊഷ്‌മളത നിലനിര്‍ത്തുവാന്‍ സ്‌ത്രീ സമൂഹത്തിന്റെ പങ്ക്‌ വലുതാണെന്ന്‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌. കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച വനിതാദിന പൊതുസമ്മേളനത്തിന്റെ ഉദ്‌ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷപദം അലങ്കരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളുടെ നന്മയും സ്‌നേഹവും സാഹോദര്യവും പരിപോഷിപ്പിക്കുവാന്‍ സ്‌ത്രീകള്‍ക്കാണ്‌ കൂടുതല്‍ സാധിക്കുകയെന്നും സ്വയം സഹായ സംഘങ്ങളിലൂടെ വനിതാ ശാക്തീകണം യഥാര്‍ത്ഥ തലത്തില്‍ നടത്തുവാന്‍ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയ്‌ക്ക്‌ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തിന്റെ ഉദ്‌ഘാടനം സംസ്ഥാന കൃഷി വകുപ്പിന്റെ കര്‍ഷകതിലകം അവാര്‍ഡ്‌ ജേതാവ്‌ സ്വപ്‌നാ ജെയിംസ്‌ നിര്‍വ്വഹിച്ചു. സ്‌ത്രീ സൗഹാര്‍ദ്ദ സമൂഹം കെട്ടിപ്പടുക്കുവാന്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്നും സമസ്‌ത മേഖലകളിലും വിജയത്തിന്റെ വെന്നിക്കൊടിപാറിക്കുവാന്‍ സ്‌ത്രീകള്‍ക്ക്‌ കഴിയുമെന്ന്‌ അവര്‍ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കുടുംബകൃഷി പ്രോത്സാഹനത്തിലൂടെ സ്വന്തം ഭവനങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുവാന്‍ സ്‌ത്രീ സമൂഹം പരിശ്രമിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെ.എസ്‌.എസ്‌.എസ്‌ സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മേരി സെബാസ്‌റ്റിയന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീനാ ബിനു, അതിരമ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍സമ്മ മാത്യു, കെ.എസ്‌.എസ്‌.എസ്‌ വനിതാസ്വാശ്രയസംഘ ഫെഡറേഷന്‍ പ്രസിഡന്റ്‌ മായക്കുട്ടി ജോണ്‍, കെ.എസ്‌.എസ്‌.എസ്‌ അസിസ്റ്റന്റ്‌ സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്‌, കോര്‍ഡിനേറ്റേഴ്‌സ്‌ പ്രതിനിധി ബെസ്സി ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച്‌ കെ.എസ്‌.എസ്‌.എസ്‌ സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മാതൃക വനിതാ പ്രവര്‍ത്തകരെ ആദരിച്ചു. ഉച്ചകഴിഞ്ഞ്‌്‌ 1.30 ന്‌ വനിതകള്‍ക്കായി നടത്തപ്പെട്ട ചാക്കില്‍ ഓട്ടമത്സരത്തോടെയാണ്‌ ദിനാഘോഷങ്ങള്‍ക്ക്‌ തുടക്കമായത്‌. ആവേശം വിതറിയ മത്സരത്തില്‍ ഇരവിമംഗലം ഗ്രാമത്തിലെ മേരിക്കുട്ടി ജോസഫ്‌ ഒന്നാം സ്ഥാനവും മോനിപ്പള്ളി ഗ്രാമത്തിലെ റീന ബേബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തുടര്‍ന്ന്‌ നടത്തപ്പെട്ട സ്‌ത്രീ ശാക്തീകരണ സെമിനാറിന്‌ ഫാമിലി കൗണ്‍സിലര്‍ ഗ്രേസ്‌ ലാല്‍ നേതൃത്വം നല്‍കി. സ്‌ത്രീ ശാക്തീകരണത്തിന്റെയും മാനവികതയുടേയും സന്ദേശം പകര്‍ന്നുകൊണ്ട്‌ എത്തിയ വനിതാ പ്രശ്ചന്ന വേഷധാരികളും ദിനാചരണത്തിന്‌ പകിട്ടേകി. വനിതാ ശിങ്കാരിമേളം, വനിതകള്‍ക്കായുള്ള ഓട്ടോറിക്ഷാ പദ്ധതി, ടാക്‌സി ഡ്രൈവിംഗ്‌, സെക്യൂരിറ്റി ഫോഴ്‌സ്‌, വനിതാ കാന്റീന്‍, തെങ്ങുകയറ്റം തുടങ്ങിയ ഒട്ടനവധി വനിതാ വികസന മുന്നേറ്റ മാതൃകകള്‍ പൊതുസമൂഹത്തിന്‌ സംഭാവന ചെയ്യുവാന്‍ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ കെ.എസ്‌.എസ്‌.എസിന്‌ സാധിച്ചിട്ടുണ്ട്‌. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ആയിരത്തഞ്ഞൂറോളം വനിതാ സ്വാശ്രയസംഘാംഗങ്ങള്‍ ദിനാചരണത്തില്‍ പങ്കെടുത്തു.

 

വടക്കുംമുറി നാലാം വെളളിയാഴ്ച ശുശ്രൂഷകളും കുരിശുമലകയറ്റവും തത്സമയം KVTV.COM.    വലുത്-

 

 Latest

Copyrights@2016.