europe

മിഡ് വെയിൽസിന്റെ മലനിരകളെ നടവിളികളാൽ പ്രകമ്പനം കൊള്ളിച്ച് കൊണ്ട് ഏഴാമത് UKKCYL ക്യാമ്പിന് സമാപനം.

Anil Mattathikunnel  ,  2017-02-09 08:37:10pmm

മിഡ് വെയിൽസിന്റെ മലനിരകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്, നടവിളികൾ വാനിലുയർത്തി, ക്നാനായ യുവജനങ്ങളുടെ ഈ വർഷത്തെ ലീഡർഷിപ്പ് ക്യാമ്പ് വിജയകരമായി സമാപിച്ചു. മിഡ് വെയിൽസിലെ ന്യൂ ടൗണിലെ കെഫൻലി പാർക്ക് എന്ന സ്ഥലത്ത് വച്ചാണ് ഫെബ്രുവരി 3,4,5 തിയ്യതികളിലായി 35 ഓളം യൂണിറ്റുകളിൽനിന്നായി 115 ഓളം യുവജനങ്ങൾ പങ്കെടുത്ത യു കെ കെ കെ സി വൈ എൽ ക്യാമ്പ് അരങ്ങേറിയത്.

 

വെള്ളിയാഴ്ച അഞ്ചുമണിയോടെ ആരംഭിച്ച ക്യാമ്പ്, ഞായറാഴ്ച വൈകുന്നേരം 3 മണിയോട് കൂടിയാണ് സമാപിച്ചത്. യു കെ യിലെ സീറോ മലബാർ ക്നാനായ വികാരി ജനറാൾ ഫാ. സജി മലയിൽ പുത്തെൻപുരയിലിന്റെയും, ഫാ. സജി തോട്ടത്തിലിന്റെയും കെ സി വൈ എൽ നാഷണൽ ഡയറക്ടേഴ്സ് ആയ ശ്രീ സിന്റോ ജോൺ , ശ്രീമതി ജോമോൾ സന്തോഷ് എന്നിവരുടെയും നേതൃത്വത്തിൽ യു കെ കെ സി വൈ എൽ കേന്ദ്ര കമ്മറ്റി അംഗങ്ങളായ പ്രസിഡണ്ട് ഷിബിൻ വടക്കേക്കര, സെക്രട്ടറി ജോണി മലമുണ്ടക്കൽ, മറ്റ് അംഗങ്ങളായ ഡേവിഡ് മൂരിക്കുന്നേൽ, സ്റ്റീഫൻ ടോം, സ്റ്റെഫിൻ ഫിലിപ്പ് എന്നിവരുടെ ചിട്ടയായുള്ള ഉജ്ജ്വല പ്രവർത്തനങ്ങളാൽ, ഈ യുവജന സംഗമം, പങ്കെടുത്ത എല്ലാവർക്കും പുതുമയും, അറിവും, ആവേശവും പകർന്നു നൽകി.

 

ക്നാനായ അവബോധം സൃഷ്ടിക്കുന്ന ക്ലാസ്സുകളും, ഗെയിമുകളും, കായിക വിനോദങ്ങളും, കലാ പരിപാടികളും, പ്രാർത്ഥനകളും ജപമാലകളും, വി. കുർബ്ബാനയും ഒക്കെ ഇടകലർന്ന മൂന്നു ദിവസങ്ങൾ യുവജനങ്ങൾക്ക് ഏറ്റവും പ്രയോജന പ്രദമായി എന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി. ഇത് പോലെ, യുവജനങ്ങൾക്ക് അവരുടെ ആദ്ധ്യാത്മികവും, ശാരീരികവും, ബൗദ്ധികവുമായ ഉയർച്ചക്ക് ഉപകരിക്കുന്ന എല്ലാ ചേരുവകളും ഉൾക്കൊള്ളിച്ചുകൊണ്ടു നടത്തപ്പെട്ട ഒരു യുവജന പ്രോഗ്രാം പായ്ക്ക് , ആദ്യമായാണ് യു കെ യിൽ കാണുന്നത് എന്ന് ക്യാംപിൽ യുവജനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകിയ, യു കെ യുടെ പല ഭാഗത്തുനിന്നുമായി എത്തിയ യൂണിറ്റ് ഡയറക്ടർമാർ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

 

ഈ ലീഡർഷിപ്പ് ക്യാംപിൽ പ്രധാനമായും ക്ളാസുകൾ നയിച്ചത്, കേരളത്തിൽ നിരവധി പരിശീലന ക്ലാസ്സുകൾ നടത്തിയിട്ടുള്ള ലെസ്റ്ററിൽ നിന്നുള്ള ശ്രീ ആൽബിൻ എബ്രഹാമും ശ്രീ സിന്റോ ജോണും അടങ്ങുന്ന ടീം ആയിരുന്നു. ഓരോ ക്നാനായ യുവതീ യുവാക്കളെ സംബന്ധിച്ചും, വരുടെ നേതൃത്വ പാടവം യു കെ കെ സി വൈ എൽ എന്ന സംഘടനയിലൂടെ എങ്ങിനെ വളർത്താം എന്നും, അത് സ്വന്തം കുടുംബത്തിലും, സമുദായത്തിലും എങ്ങിനെ പ്രയോജനപ്പെടുത്താം എന്നുമാണ് മൂന്നു ദിവസത്തെ ഈ യു കെ കെ സി വൈ എൽ ക്യാമ്പ് ലക്ഷ്യമിട്ടത്.

 

എല്ലാ ദിവസത്തെയും പ്രാർത്ഥനകളിലും, യുവജനങ്ങൾക്ക് വേണ്ടി പ്രത്യേകം അർപ്പിച്ച ആഘോഷമായ കുർബ്ബാനകളിലും, യുവജനങ്ങൾ അത്യുത്സാഹത്തോടെ പങ്കെടുത്തത് എടുത്ത് പറയേണ്ട കാര്യമാണ്. കായിക മത്സരങ്ങളും, ഇൻഡോർ ഗെയിമുകളും ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന ക്നാനായ സമുദായത്തെ പറ്റിയുള്ള സ്കിറ്റുകളും, ശനിയാഴ്ച നടന്ന ക്നാനായ നൈറ്റും, യുവജനങ്ങൾ അവിസ്മരണീയമാക്കി. എട്ടു ഗ്രൂപ്പുകളിലായി നടന്ന സ്കിറ്റ്, ക്നാനായ തനിമയും ക്നാനായ സ്പിരിറ്റും വിളിച്ചോതുന്നവയായിരുന്നു. ഓരോ യൂണിറ്റുകളിൽനിന്നും യുവജനങ്ങൾക്ക് പിന്തുണ നൽകാനെത്തിയ യൂണിറ്റ് ഡയറക്ടർസ്, ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും നൽകി.

 

ക്യാമ്പിന്റെ സമാപന ദിവസം നടന്ന നാഷണൽ കൗൺസിൽ മീറ്റിങ്ങിൽ യു കെ കെ സി എ യുടെ പ്രതിനിധിയായി സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തെൻപുരയിൽ പങ്കെടുത്തു. യുവജനങ്ങളെ സഭാ സാമുദായിക ബോധത്തിൽ വളർത്തുവാൻ ഉതകുന്ന ഇതുപോലെയുള്ള ക്യാമ്പുകൾക്ക് മാതൃസംഘടനായ യു കെ കെ സി എ യുടെ എല്ലാവിധ പിന്തുണയും ഉണ്ടായിരിക്കും എന്ന് യു കെ കെ സി എ എക്സിക്യൂട്ടീവ് കമ്മറ്റിയെ പ്രതിനിധീകരിച്ച് ജോസി നെടുംതുരുത്തി പുത്തെൻപുരയിൽ അറിയിച്ചു.

 

ഈ ക്യാംപിൽ വച്ച് യു കെ കെ സി വൈ എൽ ന്റെ ആറാമത് ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. യു കെ കെ സി വൈ എൽ ന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ കോർത്തിണക്കികൊണ്ട് ശ്രീ ജോണി മലമുണ്ടക്കൽ ഒരുക്കിയ വീഡിയോ ആൽബം പഴയ യു കെ കെ സി വൈ എൽ നേതൃത്വങ്ങളെ ഓർമ്മിക്കുവാനും ഓർമ്മകൾ പുതുക്കുവാനുമുള്ള അവസരമായി മാറി.

 

മത്സരയിനങ്ങളിലും, ക്യാമ്പ് പ്രവർത്തനങ്ങളിലും മികവ് പുലർത്തിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തുകൊണ്ട് എല്ലാവർക്കും എല്ലാവിധ ആശംസകളും നേർന്നുകൊണ്ടാണ് അതിഗംഭീരമായ ഏഴാമത് യു കെ കെ സി വൈ എൽ ക്യാമ്പ് സമാപിച്ചത്.

 

അഭിമാനാർഹമായ പ്രേക്ഷിത കുടിയേറ്റ പാരമ്പര്യത്തിന്റെ കരുത്തിൽ, കേരളത്തിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ ക്നാനായ കുടുംബങ്ങളുടെ വിശ്വാസ ചൈതന്യം, പുതു തലമുറയിലേക്ക് ഒട്ടും ചോർന്നു പോകാതെ കൈമാറുകയെന്നതാണ് യു കെ കെ സി വൈ എൽ ന്റെയും ഇതുപോലെയുള്ള യുവജന ക്യാമ്പുകളുടെയും ലക്ഷ്യം.Latest

Copyrights@2016.